top of page
Search

കണ്ണുകൾ കഥ പറയുമ്പോൾ!

  • Writer: vimalartist
    vimalartist
  • Feb 23, 2021
  • 1 min read

Updated: May 26, 2021

വരയിലെ വരികൾ

----------------

കണ്ണുകൾ കഥ പറയുമ്പോൾ!

നൂറായിരം അനുഭവങ്ങളും, അനുഭൂതികളും ഒഴുകി ഇറങ്ങുന്ന മനോഹരമായ മിഴിയിണകൾ! ... സ്നേഹസംവേദനങ്ങളുടെ ഒരു ചാലകം.. ഒരു ജീവന്റെ ആഴവും പരപ്പും മിഴികളിൽ വായിച്ചറിയാം. കണ്ണുകൾ സമർത്ഥനായ ഒരു സന്ദേശവാഹകനാണ് എന്ന് ആഴത്തിൽ മനസ്സിലാക്കിയത് അനിമേഷൻ മേഖലയിലൂടെയുള്ള പ്രയാണത്തിലാണ്. എങ്കിലും കണ്ണ് മാത്രമായി ഗൗരവമായ ഒരു വര ഇതാദ്യം!


മിഴികൾ മനോഹരമായ ഒരു സൃഷ്ടിയാണെന്നു പറയാതെ വയ്യ. കണ്പീലികളുടെ ഇടയിലൂടെയുള്ള കൃഷ്ണമണിയുടെ ചടുല ചലനങ്ങളും, കണ്പോളകളുടെ പലവിധ വിന്യാസങ്ങളും മറ്റും ചേർത്ത് കണ്ണുകൾ വിദഗ്ധയായ ഒരു നർത്തകിയെപ്പോലെ അരങ്ങിൽ നിറഞ്ഞാടി തന്നിലെ ഭാവങ്ങളെ പകർന്നു നൽകുന്നു.


മിക്ക തുടക്കക്കാരായ കലാകാരന്മാരും കണ്ണിന്റെ യഥാർത്ഥ ഘടന മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. ദൃഢമായ ഒരു ഗുഹയിൽ രണ്ടു പോളകൾക്കിയടയിൽ ഉരുണ്ടു കളിക്കുന്ന ഒരു ഗോളമായി കണ്ടാൽ അടിസ്ഥാന ഘടന ആയി. ക്ലേ അനിമേഷനു വേണ്ടി രൂപങ്ങൾ നിർമ്മിക്കുമ്പോൾ മേല്പറഞ്ഞ കാര്യം വളരെ രസകരമായി തോന്നും!


കണ്ണുകൾ തലച്ചോറിലേക്ക് ആണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു ശാസ്ത്രം പറയുമ്പോഴും, എനിക്ക് തോന്നിയിട്ടുള്ളത് കണ്ണുകൾ നനുത്ത ജീവനൂലുകളാൽ ഹൃദയത്തിലേക്ക് കൊരുത്തിട്ടതായിട്ടാണ്.

"കാഴ്ച" എന്ന ഒരു പ്രതിഭാസം മാത്രമാണ് കണ്ണുകളുടെ ഉദ്ദേശമെങ്കിൽ, എത്ര ദൃഢവും നിർവ്വികാരങ്ങളുമായേനെ പല മുഖങ്ങളും! ചുണ്ടുകൾക്കും ഇതിൽ ഒരു പങ്കുണ്ടാവണമല്ലോ എന്നതായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. ശരിയാണ്... കണ്ണുകളും ചുണ്ടുകളും ചേർന്നുള്ള പ്രകടനം എത്രയോ അനിർവചനീയമായ അവസ്ഥാന്തരങ്ങൾ നമുക്കു പകർന്നു തന്നിട്ടുണ്ട്! എന്നിരുന്നാലും, കണ്ണുകളുടെ സൂക്ഷ്മമായ ഭാവപ്രകടനങ്ങൾ അതിശയോക്തി ഉണ്ടാക്കുന്നവയാണെന്നു എല്ലാവരും സമ്മതിക്കും.


കണ്ണടച്ചിരിക്കുന്ന ഒരാളെ നോക്കി അയാൾ ഉറക്കത്തിലാണോ, ഉറക്കം നടിക്കുകയാണോ, ചിന്തിക്കുകയാണോ, ദുഃഖം കടിച്ചമർത്തുകയാണോ എന്നെല്ലാം നമുക്ക് അനുമാനിക്കാൻ കഴിയും. സുഖത്തിന്റെയും, ദുഖത്തിന്റെയും, ശാന്തതയുടെയും, ചിന്തയുടെയും ഉയർന്ന അവസ്ഥകളിൽ കണ്ണുകൾ താനേ അടയുന്നു... അനുഭൂതികളെല്ലാം അകക്കണ്ണിനു പകുത്തു നൽകിയാലും, പുറംകണ്ണുകൾ അതിൽ ഒരു നിശബ്ദ പങ്കാളികളാകും. ശാന്തത വഴിഞ്ഞൊഴുകുന്ന ശ്രീ ബുദ്ധന്റെ കണ്ണുകളിൽ ഇത് തന്നെയല്ലേ പകർന്നിറങ്ങുന്നതും!


കണ്ണുകളെപ്പറ്റി പറഞ്ഞു പറഞ്ഞു വരയുടെ കാര്യങ്ങൾ വിശദമാക്കാൻ മറന്നുപോയി!

കണ്ണുകൾ വരക്കുന്നതിനെപ്പറ്റി പിന്നൊരിക്കലാകാം.

അതുവരെ ക്ഷമിക്കുമല്ലോ!

-വിമൽ


https://youtu.be/dARuzC8Y1s0


 
 
 

Comments


Featured Posts
Recent Posts
Search By Tags
Follow Us
  • Facebook Classic
  • Twitter Classic
  • Google Classic
bottom of page